സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് . നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ? നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.

Sunday 31 January 2016

യാത്ര

അലകടലിന്‍റെ അനന്തതയില്‍ മിഴികളൂന്നിനില്‍ക്കേ അയ്യാളറിഞ്ഞിരുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ടായിരുന്നു, ഓരോ മനുഷ്യനും ഒരു കടലാണ്. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമുള്ള ഒരു കടല്‍. പക്ഷേ തീരത്തേയ്ക്ക് അലയടിച്ചെത്തിയ തിരകള്‍ക്ക് എന്നത്തേയുമത്ര ശക്തിയില്ലെന്ന് അയ്യാള്‍ തിരിച്ചറിഞ്ഞു.  ഇന്ന് ആദ്യമായാണ് ഇങ്ങനെ ഒറ്റയ്ക്ക്. തന്നെക്കാള്‍ ഇവിടെയെത്തുവാന്‍ എന്നും കുട്ടികള്‍ക്കായിരുന്നു താല്‍പര്യം. തിരകളിലേയ്ക്കോടിയിറങ്ങുന്ന അവരെ കരയിലേയ്ക്ക് കയറ്റുവാന്‍ അവള്‍ പാടുപെടുന്നത്  സുഖമുള്ളൊരുകാഴ്ചയാണ്. ഇന്നലെ രാവിലെ ഓഫീസിലേയ്ക്കെന്നു പറഞ്ഞിറങ്ങവേ താനോ , തന്നെയാത്രയാക്കവേ അവളോ ചിന്തിച്ചിരുന്നില്ല  ഇവിടെക്കൊരു യാത്രയുണ്ടാകുമെന്ന്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഹെഡ്ഓഫീസിലേക്ക് താന്‍ തന്നെ പോകണമെന്ന വിവരം മാനേജര്‍ അറിയിച്ചത്. അര്‍ജന്‍റ് മീറ്റിംങാണ്. ഒരു മണിക്കൂറിനുള്ളിലെത്തണം. പക്ഷേ അവിടേയ്ക്ക് യാത്രതിരിച്ച താനെത്തിയതോ ഈ കടല്‍കരയിലും.

                                  ആരോ തന്‍റെ പേര് വിളിക്കുന്നതുപോലെ അയ്യാള്‍ക്കുതോന്നി. അതേ, അത് അവനാണ് തന്‍റെ മകന്‍. അവന്‍ തന്നെ യാത്രയാക്കുന്നതിന് മുന്‍പ് അവസാനത്തെ ബലിച്ചോറുണ്ണുവാന്‍ വിളിക്കുകയാണ്.  തന്‍റെ ജീവനറ്റ ശരീരത്തിനടുത്ത് കണ്ണീരൊഴുക്കുന്ന അവളുടെയും കുട്ടികളുടെയും മുഖം കാണാനാകാതെയാണ് അയ്യാള്‍ ആ കടല്‍ കരയിലെത്തിയത്. പക്ഷേ ഇനിയും ഇവിടെയിരിക്കാനാകില്ല. വിളിക്കുന്നത് സ്വന്തം മകനാണ്. വിശപ്പില്ലാതിരുന്നിട്ടും ആ ബലിച്ചോറുണ്ണുവാന്‍ അയ്യാള്‍ തന്‍റെ വീട്ടിലേയ്ക്ക് നടന്നു.

വാരാന്ത്യചിന്തകള്‍

നാലുദിവസമായി മഴ കനത്തുനില്‍ക്കുകയാണ്. ലോകാവസാനമടുത്തെന്ന അവകാശവാദത്തോടെ 312ബിയിലെ കോശിച്ചായന്‍ ഇന്നെലെയൊരു ചര്‍ച്ചക്കെത്തിയതാണ്. ആടിത്തളര്‍ന്ന് അരങ്ങില്‍ നിന്നിറങ്ങുന്നപോലെയാണ് ഓഫീസില്‍ നിന്നും വരുന്നത്. ജൂനിയേര്‍സിനും സുപീരിയേര്‍സിനുമിടയില്‍ താന്‍ ആടുകയാണ്, വേഷങ്ങള്‍ മാറിമാറി. തലയ്ക്കുമുകളില്‍ കുമിഞ്ഞുകൂടുന്ന ഉത്തരവാദിത്വങ്ങള്‍ പലതാണ്. കൃത്യതയോടും സൂക്ഷമതയോടും ചെയ്യേണ്ടവ. അതിനുപുറമേ കുടുംബം, കുട്ടികള്‍... അതുകൂടി താങ്ങുവാനാകില്ലെന്ന നിഗമനമാണ് ഇന്നുംതുടരുന്ന ഈ ബാച്ചിലര്‍ വേഷം…
റിട്ടര്‍മെന്‍റിന്‍റെ സ്വാതന്തൃം നേടിയവര്‍ക്ക് എന്തായികൂടാ... ആളെ പിടിച്ചുനിറുത്തി വധിക്കുവാന്‍ അവര്‍ക്ക് സമയം ധാരാളമുണ്ട്. പക്ഷേ ഒരുകണക്കിനു നോക്കിയാല്‍ അവര്‍ക്കും വേണ്ടേ നേരംപോക്കുകള്‍..... ഇടവേളകളില്ലാതെ കുമിഞ്ഞുകൂടുന്ന ജോലികള്‍ക്കിടയില്‍ ഊളിയിടുമ്പോള്‍ തോന്നും ഒന്നു വിശ്രമിക്കുവാനായെങ്കിലെന്ന്. പക്ഷേ  ഈ തിരക്കുകളെല്ലാമൊഴിഞ്ഞ് പ്രശ്നങ്ങളെല്ലാം അവസാനിച്ചാലോ??? അത്തരത്തിലൊരു അവസ്ഥയുണ്ടായാലോ??? പിന്നെയെന്ത് ജീവിതം? പിന്നെ ആകെയൊരു വിമ്മിഷ്ടമായിരിക്കും. ചെയ്യുവാനും ചെയ്തുതീര്‍ക്കുവാനും ഒന്നുമില്ലെങ്കില്‍, "മനുഷ്യനെന്തിന്?" എന്ന ചോദ്യംപോലും ഉടലെടുക്കാം… ഒരിക്കലും വന്നെത്താത്ത നാളെയെ പ്രതീക്ഷിച്ച് മനുഷ്യര്‍ കാത്തിരിക്കുന്നതുതന്നെ തനിക്ക് പ്രാപ്യമായ പ്രവര്‍ത്തികളില്‍ മുഴുകിയാണ്...
കഴിഞ്ഞ മാസം ശിരസ്സിന് മുകളില്‍ ചാര്‍ത്തികിട്ടിയ ആ പ്രൊമോഷന്‍ കിരീടം ഈ ഇടയായി വല്ലാത്ത വേദന നല്‍കുന്നുണ്ട്... തലയിലെ ഓരോ ഞരമ്പുകളും വേദനയാല്‍ നിലവിളിക്കാറുണ്ട്... മെഡിക്കല്‍ ഷോപ്പില്‍ പേരുപറഞ്ഞുവാങ്ങിയ ടാബുലറ്റുകളില്‍ പലപ്പോഴും അതിനെ തളച്ചിടുമെങ്കിലും ഇടയ്ക്കിടെ അത് പുറത്തുചാടാറുണ്ട്...
പാതി തുറന്ന ജനാലയിലൂടെ അകത്തേയ്ക്കെത്തിനോക്കിയ മഴകാറ്റുപോലും അയ്യാളുടെ നിദ്രയ്ക്കു ഭംഗം വരുത്താതെ ഒരു തലോടല്‍ നല്‍കികൊണ്ട് കടന്നുപോയി... ആ തലോടലിന്‍റെ സുഖം നുകര്‍ന്നാവാം മറുവശത്തേയ്ക്ക് തിരിഞ്ഞ് കിടന്നത്.
ഇന്ന് ഞായറാഴ്ചയാണ്..... 'ഒരാഴ്ചത്തെ ജീവിതത്തില്‍ ആകെ വീണുകിട്ടുന്ന ഒഴിവുദിനം' എന്നൊക്കെ ഭംഗിവാക്കു പറയാം..... ഒഴിവുദിനങ്ങള്‍ വിശ്രമദിനങ്ങളാണെങ്കില്‍, അങ്ങനെയൊന്ന് ഈ എട്ടുവര്‍ഷത്തിനിടയില്‍ ലഭിച്ചിട്ടില്ല... കഴിഞ്ഞ ആറുദിവസങ്ങളിലെ വിഴുപ്പുംപേറി ജലസ്പര്‍ശത്തിനായി കാത്തുകിടക്കുകയാണ് ഒരുഡസന്‍ തുണികള്‍. അച്ചടക്കമില്ലാതെ സ്ഥാനം തെറ്റികിടന്നിരുന്ന സാമാനങ്ങള്‍ തന്നെ ഭ്രാന്തുപിടുപ്പിച്ചിരുന്നത് പിന്നിലെവിടെയോ കൈമോശം സംഭവിച്ച തന്‍റെ അച്ചടക്കമാര്‍ന്ന ജീവിതത്തിന്‍റെ ശേഷിപ്പുകളുടെ ഫലമായിരുന്നിരിക്കാം... എന്നിരുന്നാലും ഘടികാരസൂചിപോലെ ആവര്‍ത്തിക്കപ്പെടുത്ത പ്രവര്‍ത്തിദിവസങ്ങളില്‍ ഇത്തരത്തിലുള്ള ചിന്തകള്‍ അശേഷം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
മഴ വീണ്ടും തകര്‍ക്കുകയാണ്... റൂഫിങ്ഷീറ്റിന് കീഴെ അലക്കിവിരിച്ച തുണികള്‍ ഉണങ്ങികിട്ടുവാന്‍ ഇനി തപസ്സിരിക്കണം. ഒറ്റമുറിയും അടുക്കളയും ബാത്ത്റൂമുമടങ്ങുന്ന തന്‍റെ സാമ്രാജ്യത്തെ വൃത്തിയാക്കി മനുഷ്യവാസം തോന്നിപ്പിച്ചപ്പോഴേക്കും സമയം ഉച്ചയോടടുത്തിരുന്നു...
ഭക്ഷണമൊന്നും ഉണ്ടാക്കിയിട്ടില്ല...
രാവിലെ കുടിച്ചചായയില്‍ വിശപ്പ് ദഹിച്ചില്ലാതായോ?
എന്തായാലും കുടയെടുത്ത് തോരാതെനിന്ന മഴയിലേയ്ക്ക് ഇറങ്ങിനടന്നു. ആളുകള്‍ക്ക് ചൂടെന്നോ തണുപ്പെന്നോ ഇല്ലാതായിരിക്കുന്നു. റോഡിനിരുവശത്തും
തിരക്കുതന്നെയാണ്. ഉയര്‍ന്നുനിന്ന പ്രൈവറ്റ് കമ്പനിയ്ക്കുമുന്നില്‍ കെട്ടിയ ഒറ്റമുറിയില്‍ വര്‍ത്തമാനപത്രവും വായിച്ചിരിക്കുന്ന അയ്യാള്‍ക്ക് ഒരിക്കലും അവധികളെ ഉണ്ടായിട്ടില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുപക്ഷേ നൈറ്റ് ഷിഫ്റ്റ് മറ്റൊരാള്‍ക്കാകാം... ജീവിക്കുവാന്‍ എന്തെന്ത് വേഷങ്ങള്‍ കെട്ടണം. ഒരിക്കലഴിച്ച യൂണീഫോമിനുപകരം ഇന്ന് മറ്റൊന്ന്, മറ്റൊരു നിറത്തില്‍... നെഞ്ചില്‍ ചാര്‍ത്തിയിരിക്കുന്ന ബാഡ്ജിലെ സ്ഥാനപ്പേരില്‍ മാത്രമാണ് മാറ്റം... സ്വന്തം പേര് പഴയതുതന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. അതുമാത്രമാണല്ലോ മാറാതെ ജീവിതാവസാനം വരെ കൂടെയുണ്ടാകുന്നത്. അത് നല്‍കിയവര്‍ പിരിഞ്ഞാലും അതുമാത്രം അവശേഷിക്കും.... ഭക്ഷണം കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ ഫ്ലാറ്റിനുമുന്നിലൊരു ബഹളം. കോശിച്ചായന്‍റെ നേതൃത്വത്തിലുള്ള പ്രകൃതിസ്നേഹികള്‍ നട്ടുവളര്‍ത്തിയ മുരിങ്ങമരം നിലംപതിച്ചിരിക്കുന്നു... പാവം
എത്രയെന്ന് കരുതി പിടിച്ചുനില്‍ക്കും. ഉയര്‍ന്ന് വരുന്ന അംബരചുംബികളായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് അടിത്തറപാകുന്നവര്‍ ഓര്‍ക്കുന്നില്ല അവയ്ക്കും
ചുവടുറപ്പിക്കുവാന്‍ കരുത്തുള്ള മണ്ണുവേണമെന്ന്. മരമായാലും മനുഷ്യനായാലും അടിസ്ഥാനമില്ലേല്‍ വീഴും... അത് ഉറപ്പാണ്.....
രാവിലെ മുതലുള്ള പണികളും മഴയത്തുള്ള നടത്തവും നല്‍കിയ ക്ഷീണം കട്ടിലിലേയ്ക്ക് നയിച്ചതുമാത്രം ഓര്‍മ്മയുണ്ട്. സ്വപ്നങ്ങള്‍പോലുമില്ലാതെ ശരീരത്തിന്‍റെ സകലഭാരവും ആ കട്ടിലിലേയ്ക്ക് നല്‍കി ഒരു ഉറക്കം. ചിലപ്പോള്‍ കട്ടിലാഭാരത്തെ കോണ്‍ക്രീറ്റ് കെട്ടിടത്തിന്‍റെ പ്രതലത്തിലേയ്ക്ക് കൈമാറിയിട്ടുണ്ടാകാം... അത് ഭൂമിയിലേയ്ക്കും... എല്ലാം ഒടുവിലെത്തുന്നത് അവിടേയ്ക്ക് തന്നെയാണ്... ഭൂമിയിലേയ്ക്ക്...
ന്യൂട്ടന്‍റെ ആപ്പിളും പറക്കുന്ന പക്ഷികളും എന്തിനേറെ കുതിച്ചുയരുന്ന റോക്കറ്റുപോലും ഒടുവില്‍ അവിടേയ്ക്കുതന്നെയല്ലേ എത്തുന്നത്. ഈ ഭാരമൊക്കെ അവളെങ്ങനെയാണ് സഹിക്കുന്നത്??? സഹിക്കാനാകാതെ വരുമ്പോള്‍ എന്തുചെയ്യും??? ചിലപ്പോള്‍ കുടഞ്ഞെറിയുമായിരിക്കും അല്ലെങ്കില്‍ സഹനത്തിന്‍റെ മൂര്‍ദ്ധന്യതയില്‍ ഉള്ളില്‍ തിളയ്ക്കുന്ന ലാവകുടഞ്ഞ് അഗ്നിശുദ്ധിവരുത്തുമായിരിക്കാം... അതിനിനി അധികം നാളില്ലെന്നുതന്നെയാണ് കോശിച്ചായന്‍റെ അഭിപ്രായം. മണിക്കൂറുകള്‍ കഴിഞ്ഞ് ഉണരുമ്പോഴേയ്ക്കും മഴതോര്‍ന്നിരുന്നു. കാര്‍മേഘങ്ങള്‍ നീങ്ങി തെളിഞ്ഞുകിടന്ന ആകാശത്ത് സൂര്യന്‍ അസ്തമിക്കാന്‍ തയ്യാറാകുന്നു. നൈറ്റ് ഡ്യൂട്ടിക്കെത്തിയ ശശാങ്കന്‍ എവിടെയോ തെളിഞ്ഞിരുന്നു. അപ്പോഴും അവള്‍ സഹിക്കുകയായിരുന്നു... തന്നില്‍ നിറഞ്ഞുകൊണ്ടിരിക്കുന്ന ഭാരം വെച്ചുമാറാന്‍ മറ്റൊരാളില്ലാതെ.....

അമ്പലപ്രാവ്

ശ്രീകോവിലിന്‍റെ നടയില്‍ നില്‍ക്കുമ്പോഴും അവളുടെ കണ്ണുകള്‍ ആ അമ്പലപ്രാവുകളിലായിരുന്നു. പൂജകഴിഞ്ഞ് നിലത്തിട്ട ശര്‍ക്കരയും അവലുമായിരുന്നു അവരുടെ ലക്ഷ്യം. ശര്‍ക്കരത്തുണ്ടുകള്‍ വലുതായതിനാലാകാം അത് കൊത്തിതിന്നുവാനുള്ള ശ്രമം ഉപേക്ഷിച്ച് അവര്‍ പുറത്തേയ്ക്ക് പറന്നു. പുത്തനുടുപ്പിന്‍റെ അരുകുകളില്‍ പൊടിപറ്റാതിരിക്കുവാന്‍ അതല്‍പ്പമുയര്‍ത്തി അവള്‍ പടികള്‍ തിരികെകയറവേ അവ ഗോപുരമുകളില്‍ സ്ഥാനമുറപ്പിച്ചിരുന്നു, വീണുകിട്ടുന്ന അടുത്ത അന്നത്തേയും പ്രതീക്ഷിച്ച്. വര്‍ഷങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. ജീവിതത്തിന്‍റെ തിരക്കുള്ള മാരത്തോണ്‍ ഓടിത്തീര്‍ക്കവേ അമ്പലപ്രാവുകള്‍ ഓര്‍മ്മമാത്രമായി. ഇന്ന് തിരക്കുകള്‍ അവസാനിച്ചു, വീണ്ടും ആ ശ്രീകോവില്‍ നടയ്ക്കല്‍ നില്‍ക്കവേ അവക്കൊരുമാറ്റവും ഉണ്ടായിരുന്നില്ല മാറ്റം അവളിലായിരുന്നു ജരാനരകളായി. ഇന്ന് പുത്തനുടുപ്പില്ല... കഴിഞ്ഞുപോയ ഓണനാളില്‍ മകന്‍ അയച്ചുതന്ന സാരി മങ്ങിതുടങ്ങിയിരുന്നു. ഇന്ന് പടികള്‍ കയറവേ പൊടിപുരളുമെന്ന ചിന്തയില്ല, ഇന്ന് അവളും ഒരു അമ്പലപ്രാവാണ് കടലിനക്കരെനിന്ന് തന്‍റെ മക്കള്‍ ഇട്ടുതരുന്ന അന്നത്തിനായി കാത്തിരിക്കുന്ന അമ്പലപ്രാവ്... ഗോപുരമുകളിലിരിക്കുന്ന അവയെനോക്കി പുഞ്ചിരിച്ച് അവള്‍ നടന്നു അവളെപോലുള്ള അമ്പലപ്രാവുകള്‍ വസിക്കുന്ന ആ അമ്പലത്തിലേക്ക്.

ഉറക്കം

സമയം 11.47
രാത്രിയാണ്...
ഇപ്പോള്‍ ആകാശത്ത് നക്ഷത്രങ്ങള്‍ ഉണ്ടാകുമോ? അറിയില്ല.
അറിയണമെങ്കില്‍ രണ്ട് വാതിലുകള്‍ തുറക്കണം. അതിന് എന്നിലെ മടി തയ്യാറല്ല. ഉറക്കം വരാതെ തിരിഞ്ഞുംമറിഞ്ഞും കിടന്ന് ബോറടിച്ചു. മറ്റൊരു രീതിയില്‍ അല്പം സാഹിത്യം കലര്‍ത്തിപറഞ്ഞാല്‍ നിദ്രാദേവി എന്നെയിന്നു മറന്നുവെന്ന് തോന്നുന്നു. ആ ദേവിയുടെ പ്രഭാവമൊന്നും എന്നില്‍ പ്രകടമാകുന്നില്ല. നക്ഷത്രങ്ങളെ കാണുവാനുള്ള മോഹം വെടിഞ്ഞ് മുന്നില്‍കറങ്ങുന്ന സീലിംങ് ഫാനിനെ കണ്ട് ഞാന്‍ നിര്‍വൃതി അടഞ്ഞു.
എനിക്കുറങ്ങിയേ കഴിയു.... പുലര്‍ച്ചേ ഉണരുവാനുള്ളതാണ്.
എന്‍റെ തലയ്ക്ക് മുകളില്‍ കത്തുന്ന സീറോ വാള്‍ട്ട് ബള്‍ബിലേയ്ക്ക് നോക്കി ഞാന്‍ ഉറക്കത്തെ പ്രതീക്ഷിച്ചുകൊണ്ട് കിടന്നു.
പഴക്കംചെന്ന ചുമരിലെ പെയ്ന്‍റ് ഇളകിത്തുടങ്ങിയിരിക്കുന്നു. ആ ചുമരില്‍ ഒരു മുതലയെ ആരോ വരച്ചുവെച്ചിരിക്കുന്നതുപോലെ. ഞാനതിനെ നോക്കി ചിരിച്ചുകാണിച്ചു.
നാളെ പരീക്ഷയാണ്...
പത്താംതരം പരീക്ഷയല്ല, ഒരു അഭ്യസ്തവിദ്യന് എഴുതുവാന്‍ കഴിയുന്ന പരീക്ഷ.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പും ഒരു പരീക്ഷയുണ്ടായിരുന്നു. നാളുകളായുള്ള കാത്തിരിപ്പിനൊടുവില്‍, തയ്യാറെടുപ്പുകള്‍ക്കൊടുവില്‍(സംശയം) സകലദൈവങ്ങളെയും ഒപ്പംകൂട്ടിയാണ് അന്ന് പരീക്ഷ ഹാളില്‍ കയറിയത്. പക്ഷേ എന്തോപറ്റി... എവിടെയോ പിഴച്ചു(സംശയം)... എവിടെന്നുമാത്രം മനസ്സിലായില്ല.
സിലബസ് നോക്കിയല്ലേ പഠിച്ചത്? ആയിരുന്നു.
പക്ഷേ ഇത്രയൊന്നും പോരാ, 'പഠിച്ചതിനേക്കാള്‍ പഠിക്കുവാനുള്ളതാണ് ഏറെയും' മനസ്സിനോട് സ്വയം പറഞ്ഞു. അത് ശാന്തമായെന്ന് തോന്നുന്നു(തല്‍ക്കാലത്തേയ്ക്ക്).
'നമുക്കടുത്തേതില്‍ നോക്കാമെന്നേ...'
സമാധാനിപ്പിക്കുവാന്‍ എന്തെന്തുവാക്കുകള്‍. ഒരു പഞ്ഞവുമില്ല.
കളികാണുന്നവനെന്തു പറഞ്ഞുകൂടാ, കളിക്കുന്നത് അവനല്ലല്ലോ...
കഴിഞ്ഞതവണത്തേതുപോലാകരുതെന്ന് കരുതി ഇപ്രാവശ്യം സിലബസിലേക്ക് കുറച്ചുകൂടിയിറങ്ങി മുങ്ങിത്തപ്പി.
നാളെ അവസാനമല്ല(പരീക്ഷകളുടെ/ലോകത്തിന്‍റെ).
എങ്കിലും മനുഷ്യമനസ്സല്ലേ, അത് വെറുതേ മോഹിക്കും.
'കിട്ടും, ഈ പരീക്ഷയില്‍ കിട്ടാതിരിക്കില്ല'.
വേവലാതികള്‍ മാറ്റിവെച്ച് ഒന്നുറങ്ങുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.
ഇത് ഒരുതരം സംശയമാണ്, തന്‍റെ ആവനാഴിയില്‍ ഒരുക്കിവെച്ചിരിക്കുന്ന അസ്ത്രങ്ങള്‍ ഈ യുദ്ധത്തിന് പര്യാപ്തമാണോ എന്ന സംശയം.
സമയം 12.45
എത്രപെട്ടെന്നാണ് സമയം പോകുന്നത്.
കാത്തിരുന്ന ആളെത്തി.
ചുമരില്‍ എന്നെനോക്കി ചിരിക്കാതിരിക്കുന്ന ആ മുതലയെനോക്കി ഞാന്‍ വായ് തുറന്നു.
ഉറങ്ങാന്‍ തുടങ്ങുകയാണ്.
നാളെയെപറ്റിയുള്ള പ്രതീക്ഷകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അല്പം വിശ്രമം നല്‍കി ഒരു സുഖനിദ്ര.
'സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതെല്ലാം നല്ലതിന് ഇനി സംഭവിക്കുന്നതും നല്ലതിന്'
എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാന്‍ കണ്ണുകളടച്ചു.


ഏടുകള്‍

ചിതറിയ മഴനീര്‍ക്കണങ്ങള്‍തന്‍ ഭേരിയില്‍
അമര്‍ന്നിടുമെന്‍ അശ്രുബിന്ദുക്കളെ,
നല്‍കുക മാപ്പുനിങ്ങള്‍ തന്‍ പതനത്തിന്‍
ഹേതുവാം എന്നുടെ കര്‍മ്മത്തിനായ്...

എന്തിനെന്നറിയില്ല സ്വീകരിച്ചന്നു ഞാന്‍,
ആ പാതയിലൂടെ പഥയാത്രചെയ്കേ;
കണ്ടു ഞാന്‍ മനുഷ്യനില്‍ സ്പുരിച്ചിടും
സത്യധര്‍മ്മത്തിനാധാരമാം ഏടുകളെ.

ഒരുവേള ശിലയായ് മാറിഞാന്‍ നില്‍ക്കവേ,
അവ മൂന്നായ് പിരിഞ്ഞു എന്‍ മുന്നിലായി.
പിന്നിലായ് ആരോ മൊഴിഞ്ഞിടും വാക്കുകള്‍,
എന്നിലെ എന്നെ ഉണര്‍ത്തീടവേ;

നിറഞ്ഞിടും നേത്രത്തില്‍ പൊഴിഞ്ഞിടും കണ്ണുനീര്‍,
കഴുകി എന്‍ ഹൃത്തിനെ ശുദ്ധിയാക്കി.
ശുദ്ധമാം മനമോടെ മിഴികള്‍ തുറക്കവേ,
കണ്ടില്ല ഞാനാ ഏടുകളെ....

മനുവിന്‍റെ മക്കള്‍തന്‍ സൃഷ്ടികളായിടും
അവയിലെ തത്ത്വങ്ങള്‍ വിസ്മരിക്കേ;
നിറഞ്ഞിടുന്നെന്നിലായ് ഏകമാം ലോകവും
അതിനാധാരമാം ആ ഏക ചൈതന്യവും.

അസൂയ

വാതില്‍ തുറന്ന് അയ്യാള്‍ ഹാളിലെത്തി. കുട്ടികളുടെ അമ്മ 24ഇഞ്ച് എല്‍.സി.ഡി ടിവിയ്ക്കു മുന്നിലാണ്. ഉഗ്രരൂപിണിയായ ഭാര്യയുടെ മുന്നില്‍ കരഞ്ഞുനില്‍ക്കുന്ന ഏതോ ഭര്‍ത്താവിന്‍റെ ദു8ഖം അവളുടെ കണ്ണുകളില്‍ നീര്‍ച്ചാലുകള്‍ സൃഷ്ടിച്ചിരിക്കുന്നത് അയ്യാള്‍ പുഞ്ചിരിയോടെ നോക്കിനിന്നു. സ്വന്തം ഭര്‍ത്താവിന്‍റെ സാമിപ്യം പോലുമറിയാതെ സങ്കടപ്പെടുന്ന അവളോട് അയ്യാള്‍ക്ക് സഹതാപം തോന്നി. പാതിതുറന്ന വാതിലിലൂടെ പുസ്തകങ്ങള്‍ക്കിടയില്‍ അക്ഷരങ്ങളോട് മല്ലിടുന്ന മകന്‍റെ ദയനീയത അയ്യാളെ സ്വന്തം മുറിയിലേയ്ക്ക് നയിച്ചു. ഷവറിനുകീഴില്‍ വിലകൂടിയ എണ്ണതേച്ചുകുളിക്കവേ ആറുമാസം മുന്‍പ് വരെ അമ്മയുടെ കയ്യില്‍നിന്നും ഫ്രീയായികിട്ടിയിരുന്ന കാച്ചിയവെളിച്ചെണ്ണ തനിക്കുനല്‍കിയിരുന്നത് എത്രരൂപയുടെ ലാഭമായിരുന്നുവെന്ന് അയ്യാള്‍ വെറുതെ കണക്കുകൂട്ടി. അടച്ചിരുന്ന മൂടിമാറ്റി മധുരവും ചൂടുമില്ലാത്ത പാല്‍കുടിക്കവേ അയ്യാളുടെ കണ്ണുകള്‍ ചുമരില്‍ സ്ഥാനമുറപ്പിച്ച ആ ക്ലോക്കിലുടക്കി. ഇനിയും അരമണിക്കൂറാകും അവളെത്തുവാന്‍. തന്‍റെ മൊബയിലിലെ ആപ്ലിക്കേഷനില്‍ ശുഭരാത്രിനേര്‍ന്ന മുഖമില്ലാത്ത സൌഹൃദങ്ങള്‍ക്ക് സെയിംടുയൂ നല്‍കി അയ്യാള്‍ ലോഗ്ഔട്ട് ചെയ്തു. സ്വപ്നങ്ങളില്ലാത്ത ഒരു ഉറക്കത്തെ പ്രതീക്ഷിച്ച് കിടക്കയില്‍ ഒറ്റക്കാകുന്‍പോഴും അവള്‍ കരയുകയായിരുന്നു, ഏതോ മകള്‍ക്കുവേണ്ടി, ഏതോ ഭാര്യക്കുവേണ്ടി. അയ്യാള്‍ക്കെന്തുകൊണ്ടോ അവരോട് ഒരസൂയതോന്നി എന്തെന്നില്ലാത്തൊരസൂയ...

ദൃക്സാക്ഷി

വിജനവീഥിയില്‍ പ്രകാശം വിതറിനിന്ന ആ എ.ടി.എം കൌണ്ടറിന് അല്പം മാറി ആ ബൈക്കിനരികെ അവള്‍ നിലയുറപ്പിച്ചു. സ്ട്രീറ്റ് ലൈറ്റിന്‍റെ അരണ്ടവെളിച്ചത്തില്‍ ആ നിഴലുകള്‍ തനിക്കടുത്തേയ്ക്ക് നീങ്ങുന്നത് ഹെഡ്സെറ്റില്‍ ഒഴുകിയിരുന്ന വെസ്റ്റേണ്‍ സംഗീതത്തിന്‍റെ പ്രഭാവത്തില്‍ അവള്‍ അറിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി തന്‍റെ ചുമലിലമര്‍ന്ന ഏതോ കരങ്ങള്‍ അവളെ തന്‍റെ ബോധമണ്ഡലത്തിലേയ്ക്ക് തിരികെ നയിച്ചപ്പോഴേക്കും ആ നിഴലുകള്‍ അവളെ വളഞ്ഞിരുന്നു. അല്പ സമയത്തിന് മുന്‍പ് താന്‍ കണ്ട സെക്കന്‍റ് ഷോ സിനിമയിലെ നായകന്‍റെ പരിവേഷത്തോടെ എ.ടി.എം കൌണ്ടറില്‍ എന്‍റെര്‍ ചെയ്ത തുകക്കായി കാത്തുനില്‍ക്കുന്ന തന്‍റെ നായകനും ആ നിഴലുകളില്‍ നിന്നും തന്നെ രക്ഷിക്കുമെന്ന് കരുതിയാകാം അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു.  ആ മിഷ്യനില്‍ നിന്നും പുറത്തേയ്ക്ക് വന്ന ആയിരത്തിന്‍റെ നോട്ടുകള്‍ വലിച്ചെടുത്ത് റസീപ്റ്റിനായി കാത്തുനില്‍ക്കാതെ ഇരുട്ടിന്‍റെ മറവിലേയ്ക്ക് അവളെ വലിച്ചിഴക്കുവാന്‍ തുടങ്ങിയ ആ നിഴലുകള്‍ക്ക് നേരെ അയ്യാള്‍ ഓടിയെടുത്തു. ഫാസ്റ്റ് ഫുഡ്ഡിന്‍റെയും ടിന്‍ ഫുഡ്ഡിന്‍റെയും ആരോഗ്യത്തില്‍ ചുവന്നുതുടുത്ത നായകന്‍ നിഴലുകളുടെ മര്‍ദ്ദനമേറ്റ് ചോരതുപ്പികിടക്കവേ അവളും ആയിരത്തിന്‍റെ നോട്ടുകളും അയ്യാളില്‍ നിന്നും അപഹരിക്കപ്പെട്ടിരുന്നു. എന്നാല്‍ വഴിയരികിലെ കടവരാന്തയില്‍ തന്‍റെ പുതപ്പിനുള്ളില്‍ പൂണ്ടുകിടന്ന മറ്റൊരുവന്‍ നിഴലുകളെ പിന്‍തുടര്‍ന്നതും അവര്‍ക്കൊപ്പമെത്തിയതും അവര്‍ അറിഞ്ഞിരുന്നില്ല. ബോധമറ്റ അവളിലേയ്ക്ക് ഓരോനിഴലുകള്‍ അടുക്കുമ്പോഴും അവന്‍റെ കൈയ്യിലെ മോഷണമുതലിലെ വീഡിയോ റെക്കോര്‍ഡിംഗ് ഓണായിരുന്നു.  പിറ്റേദിവസം അവളുടെ ശരീരം മോര്‍ച്ചറിയിലെ സ്ട്രക്ച്ചറില്‍ അവസാനയാത്രക്കു തയ്യാറാകുമ്പോള്‍ അവനാദൃശ്യങ്ങള്‍ ഫെയ്സ് ബുക്കിലേയ്ക്ക് അപ്പ് ലോഡ് ചെയ്യ്തു ലൈക്കുകളും കമന്‍റുകളും നേടുവാന്‍. ഒടുവില്‍ രണ്ട് ദിനങ്ങള്‍ക്ക് ശേഷം അവളുടെയും മനോനിലതെറ്റി ആത്മഹത്യചെയ്ത അവളുടെ നായകന്‍റെയും ചിതകള്‍ എരിയുമ്പോള്‍ അവനും ഒരു യാത്രക്കൊരുങ്ങുകയായിരുന്നു തസ്കരഭാവമുപേക്ഷിച്ച് പുതിയ ഭാവത്തില്‍ നിയമപാലകരുടെ അകമ്പടിയോടെ, നിഴലുകളെ കണ്ടെത്തി അവര്‍ക്കു നല്‍കേണ്ട വധശിക്ഷയെ ജീവപര്യന്തമാക്കി തിരിച്ചെത്തുവാനുള്ള യാത്രയില്‍. അവന്‍റെ പുതിയ ഭാവത്തെ നിഴലുകള്‍ പതിയിരിക്കുന്ന ആ സമൂഹം ഇങ്ങനെ വിളിച്ചു : "ദൃക്സാക്ഷി".
‍‍